അമൃതപുരി(കൊല്ലം): സ്നേഹത്തിന്റെ നൂലില്‍ കോര്‍ത്ത് സമൂഹത്തെ ഒറ്റക്കെട്ടായി മാതാ അമൃതാനന്ദമയി പരിപാലിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. അമൃതപുരിയില്‍ വിശ്വസേവാ ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അമിത്ഷാ. മാതാ അമൃതാനന്ദമയിയുടെ ജീവിതം കാരുണ്യത്തിന്റെ അമൃതവര്‍ഷമാണ്. അത് ഒരിടത്ത് മാത്രം ഒതുങ്ങുന്നതല്ല. ലോകത്തിന്റെ എല്ലാ ഭാഗത്തും സേവന പ്രവര്‍ത്തനങ്ങള്‍ അനേകായിരം പേര്‍ക്ക് ആശ്വാസം പകരുകയാണെന്നും അമിത്ഷാ പറഞ്ഞു.
കൊച്ചി, ഫരീദാബാദ് അമൃത ആശുപത്രികളില്‍ നടത്തുന്ന 20 കോടി രൂപയുടെ ചികിത്സാ പദ്ധതികള്‍ക്ക് ചടങ്ങില്‍ തുടക്കമായി. പദ്ധതിക്ക് അര്‍ഹരായവര്‍ അമിത്ഷായില്‍ നിന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങി. 1,000 രോഗികള്‍ക്കാണ് ഇതിലൂടെ പൂര്‍ണമായി സൗജന്യമായി വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നത്. കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും ഈ പദ്ധതി വഴി നടപ്പാക്കുന്നുണ്ട്. പ്രളയം ദുരന്തം വിതച്ച അസാമില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അമൃതാനന്ദമയി മഠം നല്കുന്ന രണ്ട് കോടിയുടെ ധനസഹായം ആസാം വിദ്യാഭ്യാസ മന്ത്രി ഡോ. രനോജ് പെഗുവിന് കൈമാറി.
ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്കാരത്തിന് അര്‍ഹനായ അഡ്വ. പി.എസ്. ശ്രീധരന് പിള്ളയും അമിത് ഷായില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. മുരളീധരന്, എം. ലിജു, എന്‍.കെ. പ്രേമചന്ദ്രന് എംപി എംഎല്‍എമാരായ സി.ആര്. മഹേഷ്, അബിന്‍ വര്‍ക്കി, രാജീവ് ചന്ദ്രശേഖരന്, വി. മുരളീധരന്, ബി.ബി. ഗോപകുമാര്‍, ഉമാ തോമസ്, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്, പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്, ജോര്‍ജ കുര്യന്, പത്മജ വേണുഗോപാല്‍, എസ്. പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
അമൃതാനന്ദമയി മഠം വൈസ് ചെയര്മാന് സ്വാമി അമൃതസ്വരൂപാനന്ദപുരി സ്വാഗതവും മഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരി നന്ദിയും പറഞ്ഞു. മാതാ അമൃതാനന്ദമയിയുടെ പിറന്നാള്‍ ദിനമായ ഇന്ന് നടക്കുന്ന ചടങ്ങില്‍ ഉപരാഷ്്ട്രപതി സി.പി. രാധാകൃഷ്ണന് വിശിഷ്ടാതിഥിയായി പങ്കെടുക്കും.